വൈദ്യുതി ചാർജ് വർദ്ധിക്കുന്നതിനെ പലതരത്തിൽ പഴിക്കുന്നവരാണ് നമ്മൾ : മീറ്റർ അമിതമായി ഓടുന്നതാണ് , കറണ്ട് ചോരുന്നതാണ് , അമിതമായി ഉപയോഗിച്ചതാണ് ഇങ്ങനെ തരാതരം കാരണങ്ങൾ നിരത്തും .
കുടുംബാംഗങ്ങൾ പരസ്പരം പഴിക്കും. എ സിയെ കണ്ടാൽ പേടിക്കും ഫ്രിഡ്ജ് കുത്തി ഓഫാക്കും അയൺ ,വാട്ടർ ഹീറ്റർ , ഓവൻ എന്നിവ വേണ്ടെന്നു വയ്ക്കും ഇതെല്ലാം ചെയ്യുമ്പോൾ യഥാർത്ഥ വില്ലൻ തട്ടിൽ തൂങ്ങികിടന്ന് ചിരിക്കുകയാവും. മനസിലായില്ല അല്ലേ
. അതേ നാം പാവമെന്ന് കരുതുന്ന സീലിംങ് ഫാനുകളാവും യഥാർത്ഥവില്ലൻ, അപ്പൂപ്പൻ വാങ്ങിയതാണ് ആന്റിക് പീസാണ് : പഴേ കമ്പനിയാണ് എന്നൊക്കെ പറഞ്ഞ് നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സീലിങ് ഫാനുകളെ ഒഴിവാക്കണം.
പകരം പുതു തലമുറ ബി എൽ ഡി സി ഫാനുകൾ ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം. ഇതിനായി ആദ്യം വൈദ്യുതി ഉപയോഗത്തിന്റെ കൃത്യമായ ഒരു പ്രതിദിന ഉപയോഗ ചാർട്ട് തയ്യാറാക്കണം. ഏതെങ്കിലും ഒരു മുറിയിലെ ഫാൻ ഉപയോഗിക്കുമ്പോഴുള്ള റീഡിംങും ഉപയോഗിക്കാതിരിക്കുമ്പോഴുള്ള റീഡിംങും നോക്കിയാൽ ഏതെങ്കിലും ഒരു പ്രത്യേക ഫാൻ ഉപയോഗിക്കുമ്പോഴുള്ള കൃത്യമായ വൈദ്യുതി ചിലവറിയാം.
പഴയ ഫാനുകൾ മിക്കതും വില്ലന്മാരായിരിക്കും. ഒരു ഫാൻ ഒരു ദിവസം നാല് യൂണിറ്റു വരെ ഉപയോഗിക്കുന്നത് നമുക്ക് നേരിൽ കണ്ടറിയാം. ഇത്തരം മൂന്നോ നാലോ ഫാനുണ്ടെങ്കിൽ ഉപയോഗം എത്ര കയറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പഴയ ഫ്രിഡ്ജ്, ഇൻവർട്ടർ, എസി, തുടങ്ങി ഓരോന്നിനേയും ഒരു ദിവസം ഒഴിവാക്കി നിർത്തി ഉപയോഗം രേഖപ്പെടുത്തി ഒരു ചാർട്ട് ഉണ്ടാക്കിയാൽ മറ്റു വില്ലന്മാരുണ്ടെകിൽ അതും അറിയാം. കുഴപ്പക്കാരായ ഉപകരണങ്ങളെ മാറ്റണം.പക്ഷേ അത്ര ശ്രദ്ധയിൽ പെടാത്ത ഈ വില്ലനെ ഒഴിവാക്കാൻ മാർഗവുമുണ്ട്.
ബി എൽ ഡി സി ഫാനുകൾക്ക് ശരാശരി 2500 മുതൽ 4000 രൂപ വരെ വിലവരും. റിമോട്ട്, അലങ്കാര ലൈറ്റ് തുടങ്ങിയ ആർഭാടമില്ലെങ്കിൽ 3000 ൽ താഴെ വിലയ്ക്കു ഈ ഫാൻ കിട്ടാവുന്നതാണ്. നല്ല കമ്പനിയുടെ ഫാനുകൾ വാങ്ങണം. സാധാരണ ഫാനുകൾ ഉപയോഗ സമയം കൂടുമ്പോൾ കറണ്ട് എടുക്കുന്നതും കൂടും എന്നാൽ ബി എൽ ഡി സി ഫാനുകൾ കൂടുതൽ പ്രവർത്തിക്കുമ്പോൾ ഉപയോഗം കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വീടുകളിൽ എപ്പോഴും പ്രവർത്തിക്കുന്ന ഫാനുകളെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അവ ആദ്യം ഒഴിവാക്കി ഉപയോഗത്തിലെ മാറ്റം ശ്രദ്ധിക്കണം. ഒറ്റ മാസം പല ഉപകരണങ്ങളും മാറ്റിയും ഉപയോഗിച്ചും പ്രതിദിന ചാർട്ട് തയ്യാറാക്കിയാൽ പ്രശ്നക്കാരെ കണ്ടെത്താം. കെ എസ് ഇ ബി പഴയ ബൾബുകൾ മാറ്റി എൽ ഇ ഡി ബൾബുകൾ വ്യാപകമാക്കിയതു പോലെ സർക്കാർ മുൻകൈയെടുത്ത് വീടുകളിലെ ഫാനുകൾ മാറ്റാൻ സബ് സിഡി നൽക്കുന്ന പദ്ധതി ഉപയോഗപ്രദമായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.