തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം നാലു വർഷങ്ങൾക്ക് ശേഷം കൊല്ലം നഗരം ഏറെ ആവേശകരമായി ഏറ്റെടുക്കുകയാണ്.ഏപ്രിൽ 23 മുതൽ 27 വരെയാണ് കലോത്സവം.
ഇരുന്നൂറിലധികം കോളേജുകളിൽ നിന്നും മൂവായിരത്തിലധികം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.
ഒമ്പത് വേദികളിലായി 103 ഇനങ്ങൾക്കാണ് കലാപ്രതിഭകൾ മാറ്റുരയ്ക്കാൻ പോകുന്നത്. എസ് എൻ കോളേജ് കൊല്ലം, എസ് എൻ വനിതാ കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, ഫാത്തിമ മാതാ കോളേജ്, റ്റി കെ എം ആർട്‌സ് കോളേജ്, ഫാത്തിമ ബിഎഡ് കോളേജ് എന്നീ കോളേജുകളിലായിയാണ് കലോത്സവം നടക്കുന്നത്. സംഘാടക സമിതിയുടെ ചെയർമാൻ കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റും ജനറൽ കൺവീനർ അനന്ദു പിയുമാണ്.
കേരള സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കൊല്ലം പ്രസ്സ് ക്ലബ്ബിൽ വച്ച് ചവറ എം എൽ എ സുജിത്ത് വിജയൻപിള്ള പ്രകാശനം ചെയ്തു. കലോത്സവം ജനറൽ കൺവീനർ ശ്രീ അനന്തു പി അധ്യക്ഷത വഹിച്ചു.
യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനില രാജു സ്വാഗതം അറിയിച്ചു. യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി നകുൽ, സെനറ്റ് അംഗം ആര്യ പ്രസാദ്, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിഷ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.