കൊട്ടിയൂർ വൈശാഖ മഹോത്സവം; ‘ദൈവത്തെ കാണൽ’ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു

Advertisement

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ’ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു.കുറിച്യസ്ഥാനികനായ ഒറ്റപ്പിലാൻ മനങ്ങാടൻ കേളപ്പൻ, സഹോദരൻ മനങ്ങാടൻ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.

മണത്തണ പൊടിക്കളത്തിലെത്തിയ സ്ഥാനികർ ദേഹശുദ്ധി വരുത്തി പൊടിക്കളം വൃത്തിയാക്കി. തുടർന്ന് നാക്കിലയിൽ അവിലും പഴവും ശർക്കരയും നിവേദിക്കുകയും ചെയ്തു . ഗോത്രരാധനാരീതിയിലാണ് ചടങ്ങുകൾ നടന്നത്. കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ എന്നിവരോടൊപ്പം ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഉത്സവച്ചടങ്ങുകളുടെയും പ്രധാന അടിയന്തരങ്ങളുടെയും നാളും മുഹൂർത്തവും കുറിക്കുന്ന പ്രക്കൂഴം ചടങ്ങ് നാളെ നടക്കും.കാക്കയങ്ങാട് പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നാണ് പ്രക്കൂഴത്തിന് പെരുമാളിന് സമർപ്പിക്കാനായി അവൽ എഴുന്നള്ളിക്കുന്നത്. 10 ദിവസം വ്രതം നോറ്റ് പതിനൊന്നോളം അമ്മമാരാണ് മൂന്ന്ദിവസത്തെ അദ്ധ്വാനത്തിലൂടെ അവിൽ ഉണ്ടാക്കുക . പുഴുങ്ങിയെടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയിൽ ഇടിച്ചെടുത്താണ് ഭഗവാന് നേദിക്കാനായി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. പ്രക്കുഴത്തിന്റെ തലേ ദിവസമായ ഇന്ന് നരഹരിപ്പറമ്പ് ക്ഷേത്ര മണ്ഡപത്തിൽ നിന്നും അളന്നെടുത്ത അവിലുമായി സ്ഥാനികർ കൊട്ടിയൂരിലേക്ക് പുറപ്പെടും.

Advertisement