18 നും 59 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരെ തേടി അടുത്ത മാസം സർക്കാർ വീട്ടിലേക്ക്

Advertisement

തിരുവനന്തപുരം: തൊഴിൽ തേടുന്നവരെ കണ്ടെത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ മേയ് എട്ട് മുതൽ 15 വരെ വീടുകളിൽ എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പെയിൻ സംഘടിപ്പിക്കും. നോളഡ്ജ് ഇക്കോണമി മിഷനായാണ് കാമ്പയിൻ നടത്തുന്നത്.

കെ – ഡിസ്‌കിന് കീഴിൽ നോളഡ്ജ് ഇക്കോണമി മിഷൻ തയ്യാറാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ തൊഴിലന്വേഷകരെ ചേർക്കുകയാണ് ലക്ഷ്യം.
നോളഡ്ജ് ഇക്കോണമി മിഷനിൽ നടന്ന രജിസ്ട്രേഷനെ തുടർന്ന് 14 ജില്ലകളിലും തൊഴിൽ മേള സംഘടിപ്പിച്ചിരുന്നു. അ‌ഞ്ചു വർഷത്തിനുള്ളിൽ 20ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അഭ്യസ്തവിദ്യരുടെ വിവരങ്ങൾ വീടുകൾ തോറും സർവേ നടത്തി ശേഖരിക്കും. ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്ക് പ്രത്യേകം ഊന്നൽ നൽകും.

നൈപുണ്യ പരിശീലനം നൽകി ഉദ്യോഗാർത്ഥികളെ തൊഴിൽ സജ്ജരാക്കാനുള്ള പദ്ധതികൾ കേരള നോളഡ്ജ് എക്കോണമി മിഷൻ നടപ്പിലാക്കും. കില,കെ.കെ.എം.എം എന്നീ ഏജൻസികളും കാമ്പെയിനിന്റെ പരിശീലനങ്ങളും മറ്റു സജ്ജീകരണങ്ങളും പൂർത്തിയാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

18 വയസ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ മുതൽ 59 വയസുവരെയുള്ളവ‌രെയുള്ള തൊഴിൽ സന്നദ്ധരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

യുറേക്കാ ഫോബ്സ്, കിംസ് ഹെൽത്ത്, പോപ്പുലർ ഹ്യുണ്ടായ്, യു.എസ്.ടി ഗ്ലോബൽ, ടി.സി.എസ്, എച്ച്.ഡി.എഫ്.സി, ഇസാഫ് ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ പദ്ധതിയുടെ ഭാഗമാണ്. ഉദ്യോഗാർ‌ത്ഥികൾക്ക് knowledgemission.kerala.gov.in വഴിയും രജിസ്റ്റർ ചെയ്യാം.

Advertisement

1 COMMENT

Comments are closed.