പാലക്കാട് സർവകക്ഷി സമാധാന യോഗത്തിൽ നിന്നും ബിജെപി, ആർ എസ് എസ് നേതാക്കൾ ഇറങ്ങിപ്പോയി

Advertisement

പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവ കക്ഷി സമാധാന യോഗത്തിൽ നിന്ന് ആർ എസ് എസ്, ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് ആർഎസ്എസ് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയത്. എന്നാൽ ഇവരൊഴികെ മറ്റെല്ലാ കക്ഷികളും സമാധാനശ്രമങ്ങളുമായി സഹകരിച്ചു

മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റ് ഹാളിലാണ് യോഗം ചേർന്നത്. 3.45ന് യോഗം ചേർന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ ബിജെപി നേതാക്കൾ യോഗം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. യോഗം നിയന്ത്രിക്കുന്നതിനെ ചൊല്ലി പാലക്കാട് എംപി വികെ ശ്രീകണ്ഠനും മുൻ എംപി എൻഎൻ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർഥമില്ലെന്ന് ബിജെപി, ആർ എസ് എസ് നേതാക്കൾ വ്യക്തമാക്കി. 

എന്നാൽ ഇറങ്ങിപ്പോകാൻ നേരത്തെ തീരുമാനമെടുത്ത് വന്നാൽ എന്ത് ചെയ്യാനാകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. തുടർ ചർച്ചകളിലേക്ക് ബിജെപിയെ വീണ്ടും ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന് എസ് ഡി പി ഐ അറിയിച്ചു. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസ്സമാണെന്നും എസ് ഡി പി ഐ നേതാക്കൾ ആരോപിച്ചു.

Advertisement