ആലപ്പുഴ: കോവിഡിനെ തുടർന്ന് ദീർഘനാളായി നിർത്തിവെച്ചിരുന്ന കായംകുളം- എറണാകുളം പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നു.
രാവിലെ 8.40ന് കായംകുളത്തു നിന്നും എറണാകുളത്തേക്കും (56380), വൈകിട്ട് ആറിന് എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കുമുള്ള (56383) സർവീസുകളാണ് വീണ്ടും തുടങ്ങുന്നത്.
പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കുവാനാണ് റെയിൽവെ ബോർഡിന്റെ തീരുമാനം. എ എം ആരിഫ് എം പി ദക്ഷിണ റയിൽവെ ജനറൽ മാനേജർ ബി ജി മില്യയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്.
മറ്റു പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ആരിഫ് അറിയിച്ചു. എറണാകുളം- കായംകുളം, കൊല്ലം -തിരുവനന്തപുരം, കോട്ടയം-എറണാകുളം തുടങ്ങിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടന്നിരുന്നത്.