കൊച്ചി: ഭക്ഷണ പദാർഥങ്ങളിലെ മായം കണ്ടെത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകൾ.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.പരിശോധന, അവബോധം, പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ ലാബുകളുടെ പ്രവർത്തനം. എറണാകുളം ജില്ലയിൽ ഒരു ഭക്ഷ്യപരിശോധനാ ലാബാണ് പ്രവർത്തിക്കുന്നത്. ചന്തകൾ, മൽസ്യ വ്യാപാരകേന്ദ്രങ്ങൾ, ബീച്ച് തുടങ്ങിയ പൊതുഇടങ്ങളിലെത്തി പരിശോധന നടത്തിവരുന്നു.
പൊതുജനങ്ങൾക്ക് തങ്ങളുടെ സാധനങ്ങൾ കൊണ്ടുവന്ന് പരിശോധന നടത്താം. കൂടാതെ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന സാമ്പിളുകളുടെ പ്രാഥമിക പരിശോധനയും ഈ ലാബുകളിൽ നടക്കുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതൽ നിയമനടപടികൾ ആവശ്യമുള്ള സാഹചര്യത്തിൽ മറ്റ് ലാബുകളിലേക്ക് സാമ്പിളുകൾ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.മാസത്തിൽ രണ്ടുദിവസം വീതം എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബ് എത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിലെ മായം ലാബുകളിൽ പോകാതെ തന്നെ കണ്ടുപിടിക്കാൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് മൊബൈൽ ലാബുകളിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകൾ, മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനമുണ്ട്. വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള റിഫ്രോക്ടോമീറ്റർ, വെള്ളത്തിന്റെ പിഎച്ച് അളക്കുന്നതിന് പിഎച്ച് മീറ്റർ, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മിൽക്ക് അനലൈസർ, എണ്ണയുടെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള ഫ്രൈഓയിൽ മീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാഹനത്തിലുണ്ട്. ടെക്‌നീഷ്യൻ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം സഞ്ചരിക്കുന്ന ലാബിനൊപ്പമുണ്ട്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണം നടത്താൻ ഉച്ചഭാഷിണി, ടി.വി സ്‌ക്രീനിംഗ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.