ശബ്ദാധിഷ്ഠിത സോഷ്യൽമീഡിയ ആപ്പുമായി മലയാളി യുവാക്കൾ

Advertisement

കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്‌ആപ്പുമായി മലയാളി യുവാക്കൾ.

കോട്ടയം സ്വദേശി അലൻ എബ്രഹാം, മാവേലിക്കര സ്വദേശി ആർ വരുൺ, ഗുജറാത്ത് സ്വദേശി എന്നിവർ ചേർന്നാണ് വോയിസ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്പീക്ക്‌ആപ്പിന് രൂപം നൽകിയത്. പറയാൻ ഉദ്ദേശിക്കുന്ന കാര്യം വളരെ ഇഷ്ടമുള്ള ഭാഷയിൽ വോയിസ് നോട്ടായി പോസ്റ്റ് ചെയ്യാമെന്നതാണ്‌ആപ്പിന്റെ പ്രത്യേകത.

കൂടാതെ, മറ്റു സമൂഹമാധ്യമങ്ങളിലേത് പോലെ ഫോട്ടോ, വിഡിയോ എന്നിവയും ഇവിടെ പങ്കുവെക്കാം. ഗുജറാത്തിലെ അഹമ്മദാബാദിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പിന് 1.5 കോടിയുടെ സീഡ് ഫണ്ടിങ്ങും ലഭിച്ചിരുന്നു. ഇപ്പോൾ കമ്പനിക്ക് 25 കോടി രൂപയുടെ മൂല്യമുണ്ട്. അലൻ സ്ഥാപക സിഇഒയും വരുൺ ചീഫ് മാർക്കറ്റിങ് ഓഫീസറും (സി.എം.ഒ) ജൻകർ ചീഫ് ടെക്‌നോളജി ഓഫീസറുമാണ് (സി.ടി.ഒ). ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ 35000ത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

വീട്ടമ്മമാർ മുതൽ ഫുഡ് ബ്ളോഗർമാർവരെ ഇപ്പോൾ സ്പീക്ക്‌ആപ്പിന്റെ ഉപയോക്താക്കളാണ്.പ്രതിമാസം ഒരുലക്ഷം ഡൗൺലോഡ് നേടുകയും അതിന്റെ പിൻബലത്തിൽ കൂടുതൽ ഫണ്ട് സമാഹരിച്ച്‌, കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് സി.എം.ഒ ആർ. വരുൺ പറഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ഇന്ത്യൻ ആപ്പെന്ന പെരുമ സ്വന്തമാക്കുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ മലയാളികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ഭാവിയിൽ മറ്റുഭാഷകളിലും സേവനം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ളേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്-www.speakapp.app.