ജയിൽ അന്തേവാസികളുടെ കരവിരുതിന് മേളയിൽ ഫുൾ മാർക്ക്

Advertisement

തൃശൂർ: ജയിൽ അന്തേവാസികളുടെ കരവിരുതിൽ നിർമ്മിച്ചെടുത്ത കരകൗശല ഉൽപ്പന്നങ്ങൾക്ക് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആവശ്യക്കാരേറുന്നു.

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന പ്രദർശന വിപണന മേളയിലാണ് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ അന്തേവാസികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും നടക്കുന്നത്.

വിവിധ കാരണങ്ങളാൽ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് വിയ്യൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിൽ കഴിയുന്ന വിദഗ്ധരായ അന്തേവാസികളാണ് കരകൗശല വസ്തുക്കളുടെ ക്രിയാത്മക ഉടമകൾ. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ വിദഗ്‌ധ പരിശീലനം നേടിയവരാണ് ഇവർ.

48 ഓളം വിവിധ തരത്തിലുള്ള കരകൗശല യൂണിറ്റിൽ ചിരട്ട, മുള, പാഴ്മരങ്ങൾ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ജയിൽ അങ്കണത്തിൽ നിന്ന് തന്നെ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനാൽ നിർമ്മാണ ചെലവ് പരമാവധി ചുരുക്കാനാകും. ചിരട്ട കൊണ്ടുള്ള തവി, ഗ്ലാസ് ഉൾപ്പെടെ ആറന്മുള കണ്ണാടി, വാൽക്കണ്ണാടികൾ, മുള ഉപയോഗിച്ചുള്ള ആകർഷക കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടനവധി വസ്തുക്കളാണ് പ്രദർശന വിപണന മേളയിലുള്ളത്.

കരകൗശല – തടി യൂണിറ്റുകളിലെ നാല് അന്തേവാസികളാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന് പിന്നിൽ. എക്സിബിഷനുകൾക്ക് പുറമെ ജയിലിനോട് ചേർന്നുള്ള ഔട്ട്ലെറ്റുകളിലും വിപണനം നടക്കുന്നുണ്ട്. രാവിലെ 7.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയുമാണ് പ്രവർത്തന സമയം. അന്തേവാസികൾക്കിടയിൽ മാനസിക സമ്മർദ്ദം കുറച്ച്‌ ഒരു സ്വയം തൊഴിൽ മാർഗം ഒരുക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

Advertisement