കെഎംഎംഎൽ നിയമനം വിവാദത്തിൽ: അഭിമുഖം‍ റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തം, സിഐടിയു‍ നേതാവ് കോഴ കൈപ്പറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

Advertisement

ചവറ: കോഴ ആരോപണം ഉയർന്നതോടെ കെഎംഎംഎല്ലിലെ ജൂനിയർ വെയ്റ്റർ കം വെയർ വാഷർ തസ്തികയിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനമാണ് വിവാദത്തിലായത്.

കെഎംഎംഎൽ ക്യാന്റീനിൽ വിതരണക്കാരനായും പാത്രങ്ങൾ കഴുകാനുമുള്ള തസ്തികയായിരുന്നു ഇത്. നിയമനവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് കോഴ കൈപ്പറ്റിയെന്ന ആരോപണം ഉയർന്നിരുന്നു.

എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടുള്ള ഈ തസ്തികയിൽ ഉയർന്ന യോഗ്യതയുള്ളവർക്കായിട്ടാണ് നേതാവ് പണം കൈപ്പറ്റിയത്. ഒരു ഉദ്യോഗാർത്ഥിയുടെ അച്ഛൻ നേതാവ് പണം വാങ്ങുന്ന ദൃശ്യങ്ങളുമായി രംഗത്ത് വന്നതോടെ വ്യാഴം വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന അഭിമുഖം റദ്ദ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പ്രാദേശിക സിപിഎം നേതാക്കൾ വ്യവസായമന്ത്രി അടക്കമുള്ളവരെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനും കോഴപ്പണം പലിശ സഹിതം കൊടുത്ത് ഒത്തു തീർപ്പാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയിൽ നിയമനം നടത്തി പതിയെ സ്ഥാനക്കയറ്റം നൽകി മാർക്കറ്റിംഗ്, മെയിന്റനൻസ് പേർസണൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ സെക്ഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന ജൂനിയർ ഓഫീസർ തസ്തികയിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നത്.

കാന്റീനിൽ ഓവർ ടൈം കൂടുതലാണെന്ന് കാണിച്ച്‌ വ്യവസായ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് സിഐടിയു നേതാവും സംഘവും ഈ തസ്തികയിലെ നിയമനം നടത്താനുള്ള അനുമതി നേടിയെടുത്തത്. ഏറ്റവും കുറഞ്ഞ യോഗ്യത മാത്രം വേണ്ട തസ്തികയിലേക്ക് സ്‌കിൽ ടെസ്റ്റ് നടത്തി 75 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതിൽ എൻജിനീയറിംഗ് ബിരുദധാരികൾ ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യതയുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. ക്യാന്റീനിലെ മിക്ക ജീവനക്കാരും ഡയറക്‌ട് കോൺട്രാക്‌ട് വർക്കേഴ്‌സാണ്.

Advertisement