തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരമായിരുന്നു പ്രേംനസീർ. ഇപ്പോഴിതാ പത്മശ്രീ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീടുള്ളത് . നസീറിന്റെ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വയ്പ്പിലൂടെ വീട് ലഭിച്ചത്. പിന്നീട് റീത്ത തന്റെ മകൾക്ക് വീട് കൈമാറിയിരുന്നു . കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിർത്താൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓർമകളുടെ ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീർ വിട പറഞ്ഞ് 30വർഷമായിട്ടും അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ നിരവധി സിനിമാ പ്രേമികൾ ഇന്നും എത്താറുണ്ട്. മലയാള സിനിമയുടെ നിത്യഹരിത നായകന്റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. 60വർഷത്തോളം പഴക്കമുള്ള വീടാണെങ്കിലും കോൺക്രീറ്റിനോ ചുമരുകൾക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. എന്നാൽ തന്റെ പ്രിയ നടന്റെ വീട് കാണാൻ എത്തുന്ന സിനിമാ പ്രേമികൾ കാണുന്നത് വീട് കാടുപിടിച്ച് നശിക്കുന്ന കാഴ്ചയാണ്. ആരാധകർക്ക് മാത്രമല്ല നിരവധി സിനിമാ താരങ്ങൾക്കും ഒരുപാട് പ്രിയപ്പെട്ട ഓർമകൾ സമ്മാനിച്ചതാണ് പ്രേം നസീറിന്റെ വീട്.