കൊച്ചി: ശബരിമല വെർച്വൽ ക്യൂ സംവിധാനം പൂർണമായും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി.
വെബ്‌സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ വെർച്വൽ ക്യൂവിന്റെ മേൽനോട്ടം വഹിക്കുന്നത് പോലീസ് ആണ്. ഇതാണ് പൂർണമായി ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, അടിയന്തര ഘട്ടങ്ങളിൽ പോലീസിന് വെർച്വൽ ക്യൂ ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. അല്ലാത്ത പക്ഷം വെർച്വൽ ക്യൂവിൽ ഇടപെടരുതെന്നും വിധിയുണ്ട്. ഇതോടൊപ്പം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ അധികാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.