കൊച്ചി: മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോൺ പോൾ (ജോൺപോൾ പുതുശേരി- 72) അന്തരിച്ചു.
അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് 26 മുതൽ ചികിത്സയിലായിരുന്നു. ശനി ഉച്ചയ്ക്ക് 1.02ന് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പാലാരിവട്ടം ആലിന് ചുവടിലെ വീട്ടിൽ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകൾ: ജിഷ. മരുമകന്: ജിബി എബ്രഹാം.
പി എൻ മേനോനും കെ എസ് സേതുമാധവനും മുതൽ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 1980ൽ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ ചലച്ചിത്രങ്ങൾക്കും തിരക്കഥ എഴുതി. ഗാങ്സ്റ്റർ, സൈറബാനു തുടങ്ങിയ ചിത്രങ്ങളില് ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുൾപ്പെടെ ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചു. മലയാള സിനിമയുടെ ആദ്യ 25 വര്ഷത്തെ ചരിത്രം പറയുന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. സിനിമ അധ്യാപകനും പ്രഭാഷകനുമായിരുന്നു.
ഷെവലിയർ പി വി പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബർ 29ന് എറണാകുളത്ത് ജനനം. വിദ്യാർത്ഥികാലം മുതൽ സിനിമയിൽ താല്പ്പര്യം. മഹാരാജാസ് കോളേജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം നേടി ഫിലിം സൈസൈറ്റി പ്രവര്ത്തനത്തിൽ. അല്പ്പകാലം പത്രപ്രവർത്തനം. 1972 മുതൽ കാനറ ബാങ്കിൽ ജോലി. സിനിമയിൽ തിരക്കേറിയതോടെ 1983 ൽ ജോലി ഉപേക്ഷിച്ചു. ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്.
സംസ്ക്കാരം ഞായറാഴ്ച എളംകുളം സെന്റ് മേരീസ് സുനോറോ പള്ളിയിൽ.