ഖേലോ ഇന്ത്യ: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

Advertisement

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുൾപ്പെടുത്തി ജില്ലയിൽ പ്രവർത്തി നടക്കുന്ന സിന്തറ്റിക് ട്രാക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ഗവ. ബ്രണ്ണൻ കോളജ് സ്റ്റേഡിയം സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി. 400 മീറ്ററിൽ 8 ലൈൻ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കർ കോളനിക്ക് സമീപം ഗവ. ബ്രണ്ണൻ കോളജിന്റെ അഞ്ച് ഏക്കർ സ്ഥലത്ത് സായ് നിർമിച്ചിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. ആദ്യഘട്ട നിർമാണത്തിനായി 9.65 കോടി രൂപ ചെലവഴിച്ചു. ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലിറ്റിക്‌സ് ഫെഡറേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്റ്റേഡിയത്തിൽ അത്‌ലറ്റുകൾക്ക് പരിശീലനം ആരംഭിക്കാനാകും. സെൻട്രൽ പിഡബ്ല്യുഡിയാണ് ഇതു ലഭ്യമാക്കേണ്ടത്. സിപിഡബ്ല്യുഡിക്ക് നൽകാനുള്ള 71 ലക്ഷം രൂപ കൂടി അനുവദിച്ചു.

സിപിഡബ്ല്യുഡിക്ക് തുക നൽകുന്നതോടെ ശുചിമുറി, ചുറ്റുമതിൽ എന്നിവയുടെ നിർമാണം കൂടി പൂർത്തിയാക്കി സ്റ്റേഡിയം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറും. സായിയിലെയും ഗവ. ബ്രണ്ണൻ കോളജിലെയും കുട്ടികൾക്കും അത്‌ലിറ്റിക്‌സിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും പ്രവേശനം നൽകുന്ന രീതിയിലായിരിക്കും സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുക. രണ്ടാം ഘട്ടമായി ഇൻഡോർ ഹാൾ, ഹോസ്റ്റൽ എന്നിവ പണിയും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ സിപിഡബ്ല്യുഡി കണ്ണൂർ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടുന്ന മുറയ്ക്ക് രണ്ടാം ഘട്ടം ആരംഭിക്കും.

പരിയാരം ഗവ. മെഡിക്കൽ കോളജിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമാണം തുടങ്ങി. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം ഏഴു കോടി രൂപയാണ് അടങ്കൽ. സംസ്ഥാന കായിക, യുവജനക്ഷേമവകുപ്പിനാണു നിർമാണ ചുമതല. എട്ട് ലൈൻ ട്രാക്കിനു വേണ്ടി 10 ഏക്കറാണ് വിനിയോഗിക്കുക. ജംപിങ് പിറ്റ്, നീർവാർച്ചാ സൗകര്യമുള്ള ഫുട്‌ബോൾ മൈതാനം എന്നിവയുമുണ്ട്. സുരക്ഷാ വേലി, പവിലിയൻ, ഡ്രസിങ് മുറികൾ, ശുചിമുറി തുടങ്ങിയവുമുണ്ടാകും.

വേഗവും കാലുകൾക്ക് കൂടുതൽ ഗ്രിപ്പും കിട്ടാൻ സിന്തറ്റിക് ട്രാക്ക് ഉപകരിക്കും. അത്‌ലിറ്റുകൾക്ക് മികച്ച സമയവും കണ്ടെത്താം. മഴക്കാലത്തും ഉപയോഗിക്കാം. പരുക്കിനുള്ള സാധ്യത കുറയും. അറ്റകുറ്റപ്പണിയും കുറയും. സ്‌കൂൾ അത്‌ലിറ്റിക് മീറ്റ് സിന്തറ്റിക് ട്രാക്കിലായതിനാൽ അത്തരം ട്രാക്കിൽ പരിശീലനം നടത്തുന്നത് പ്രായോഗിക പരിചയമുറപ്പാക്കും.

Advertisement