ഹയർ സെക്കൻഡറി പരീക്ഷ മൂല്യ നിർണയം; പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചു

Advertisement

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ ആകെ 26ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ ആകെ 40 ആണ് മൂല്യനിർണയം നടത്തേണ്ടിയിരുന്നത്.

വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരം ഇപ്പോൾ ഇത് യഥാക്രമം 34ഉം, 50ഉം ആക്കി വർധിപ്പിച്ചു. എന്നാൽ, ഈ വിഷയത്തിൽ അധ്യാപക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 30ഉം,44ഉം ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് പേപ്പർ ഒന്നിന് എട്ടു രൂപ നിരക്കിൽ 240 രൂപയും ഡിഎ ഇനത്തിൽ ഓരോ ദിവസവും 600 രൂപയും നൽകുന്നുണ്ട്. ക്യാംപുകളിൽ എത്തുന്നതിന് യാത്രബത്തയും നൽകുന്നുണ്ട്.

Advertisement