ഓപ്പറേഷൻ മത്സ്യ; സംസ്ഥാനത്ത് പിടികൂടിയത് 3631 കിലോ പഴകിയ മത്സ്യം

Advertisement

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷൻ മത്സ്യ എന്ന് പേരിട്ട റെയ്ഡ് വഴി 1706.88 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു. പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1070 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

ഇവിടെ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനക്കയച്ചതായും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

‘ഓപ്പറേഷൻ മത്സ്യ’ വഴി ഇതോടെ 3631.88 കിലോഗ്രാം പഴകിയ മത്സ്യമാണ് നശിപ്പിച്ചത്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച്‌ പരിശോധന നടത്തിയ 579 പരിശോധനയിൽ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളിൽ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി തുടങ്ങുകയും ചെയ്തു. 53 പേർക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുന്നതാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച്‌ രാത്രിയും പകലുമായി പരിശോധനകൾ തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisement