ബന്ധുവീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

Advertisement

കോഴിക്കോട്: വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന പിക്കപ്പിന് പിറകിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്.

പേരാമ്പ്ര ടെലഫോൺ എക്‌സ്‌ചേഞ്ചിന് സമീപം തെരുവത്ത്‌പൊയിൽ കൃഷ്ണകൃപയിൽ അധ്യാപകനായ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ( 48) മകൾ അഞ്ജന (22) എന്നിവരാണ് മരിച്ചത്. പേരാമ്പ്ര പയ്യോളി വടകര റോഡിൽ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വഴിയരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻ വശം പൂർണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഇറച്ചിക്കോഴിയുമായി എത്തിയ പിക്കപ്പിന് പിന്നിലാണ് കാറിടിച്ചത്. സുരേഷ് ബാബുവും കുടുംബവും ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പേരാമ്പ്രയിൽ നിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. അപകടം ഉണ്ടായതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൻ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു