കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള മേഖലാ ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ എറണാകുളത്തും കോഴിക്കോടും ഉടൻ പ്രവർത്തനം തുടങ്ങും- മന്ത്രി

Advertisement

തിരുവനന്തപുരം: ലഹരിമുക്ത നവകേരളം സാക്ഷാൽക്കരിക്കാനുള്ള വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ടവരെ ലഹരി മോചന ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് നയിക്കുവാൻ വിദഗ്ധ ചികിത്സ സഹായങ്ങൾ ജില്ലയിൽ ഒന്ന് എന്ന തോതിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമായിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ വിമുക്തി ഡിഅഡിക്ഷൻ സെന്റർ മുഖേന 16989 പേർക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്റർ മുഖാന്തരം ലഹരി വിമുക്തിക്കായുള്ള സൗജന്യ കൗൺസിലിങ് സേവനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നുണ്ട്. 2946 പേർക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൗൺസിലിംഗ് നൽകാൻ സാധിച്ചു.

ലഹരിക്ക് അടിമപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ചികിത്സയ്ക്ക് നെയ്യാറ്റിൻകര ഡീഅഡിക്ഷൻ സെന്ററിനെ പര്യാപ്തമാക്കി. ലഹരി വിമുക്തിക്കുവേണ്ടി കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള മേഖലാ ഡീ-അഡിക്ഷൻ കേന്ദ്രങ്ങൾ എറണാകുളത്തും കോഴിക്കോടും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.