തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽ ഈ വർഷം സേ പരീക്ഷ നടത്തുന്നു. 10-ാം ക്ലാസിലേക്ക് പ്രവേശനത്തിന് അർഹത ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കാണ് സേ പരീക്ഷ നടത്തുന്നത്.
സ്കൂൾതലത്തിൽ ചോദ്യപേയ്പർ തയ്യാറാക്കി മേയ് 10 നകം പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
വാർഷികപരീക്ഷ എഴുതാനാകാത്തവരുടെ ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തിരുന്നത്. ഈ വർഷം കോവിഡ് വ്യാപനം മൂലം ടേം പരീക്ഷകൾ നടത്താതിരുന്നതിനാലാണ് സേ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. വാർഷികപരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം ലഭിക്കും.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകി. എട്ടുവരെ ക്ലാസുകളിലെ എല്ലാവർക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകും.
സ്കൂളുകളിൽ 2022-’23 അധ്യയനവർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. രക്ഷിതാക്കൾക്ക് സ്കൂളിൽ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നൽകാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകൾ സമർപ്പിക്കാനാകാത്തവർക്കും താത്കാലികമായി പ്രവേശനം നൽകാം.