തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ.
മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ, റവന്യു മന്ത്രി കെ.രാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും യോഗത്തിനെത്തിയിരുന്നു.
കോവിഡുകാരണം കഴിഞ്ഞ രണ്ട് വർഷങ്ങളായി വിവിധ നിയന്ത്രണങ്ങളോടെയാണ് തൃശൂർ പൂരം നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ വെടിക്കെട്ടടക്കം എല്ലാവിധ ആഘോഷങ്ങളോടും കൂടിയായിരിക്കും പൂരം നടത്തുക. രണ്ട് വർഷമായി പൂരം ആഘോഷപൂർവം നടത്താത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് രണ്ട് ദേവസ്വങ്ങളും യോഗത്തെ അറിയിച്ചു. ഈ പ്രശ്നം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.