എറണാകുളം ജില്ലയിൽ 14 സ്കൂളുകളിൽ വെതർ സ്റ്റേഷനുകൾ: കാലാവസ്ഥ വ്യതിയാനം പഠനവിധേയമാക്കുകയാണ് ലക്ഷ്യം

Advertisement

കൊച്ചി: പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങി പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവ പഠനവിധേയമാക്കാൻ ജില്ലയിലെ 14 സ്കൂളുകളിൽ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ (വെതർ സ്റ്റേഷനുകൾ) സ്ഥാപിക്കുന്നു.

പുതുതലമുറക്ക് കാലാവസ്ഥ മാറ്റം അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് 11 ഹയർ സെക്കൻഡറി സ്കൂളിലും രണ്ട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സ്ഥാപിക്കുന്നത്. ജോഗ്രഫി ഓപ്ഷൻ വിഷയമായുള്ള സർക്കാർ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുക. റെയ്ൻഗേജ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡേറ്റാബാങ്ക് തുടങ്ങി 13 ഉപകരണങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരിക്കും. സ്കൂൾ കെട്ടിടത്തിൻറ മട്ടുപ്പാവിലോ മുറ്റത്തോ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കും. മഴയുടെ അളവ്, കാറ്റിൻറ വേഗം, അന്തരീക്ഷമർദം എന്നിവ നിരീക്ഷിച്ച്‌ കുട്ടികൾ ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡേറ്റ സ്കൂൾ വിക്കിയിലും വിശദ ഡേറ്റ എസ്.എസ്.കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച്‌ ജനങ്ങൾക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും.

കാലാവസ്ഥ നിരീക്ഷണവും പഠനവും കൂടുതൽ വികേന്ദ്രീകൃതമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ സ്കൂളിനും 48,225 രൂപവീതമാണ് അനുവദിക്കുക. പദ്ധതിയുടെ ഭാഗമായി ജോഗ്രഫി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

ഇവരാകും വിദ്യാർഥികളെ വെതർ സ്റ്റേഷൻ പ്രവർത്തനത്തിന് പ്രാപ്തരാക്കുക. സമഗ്രശിക്ഷ കേരളത്തിൻറ മേൽനോട്ടത്തിലാണിത്. അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവേഷണാത്മക പഠനത്തിൻറ ഒരു വലിയ സാധ്യത തന്നെയാണ് ഇതിലൂടെ നടപ്പാകുക. ഒപ്പം ജോഗ്രഫി പഠനത്തോട് ചെറുപ്പംമുതലേ കുട്ടികൾക്ക് താൽപര്യം ഉണ്ടാകാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.