കടലിലെ അപൂർവ ഇനം മത്സ്യങ്ങളെക്കുറിച്ച്‌ പഠിക്കാൻ സമുദ്രമ്യൂസിയം

Advertisement

വള്ളക്കടവ്: കടലിലെ അപൂർവ ഇനം മത്സ്യങ്ങളെക്കുറിച്ച്‌ പഠിക്കാൻ സമുദ്രമ്യൂസിയം വരുന്നു. വള്ളക്കടവിലെ പൈതൃക കെട്ടിടമായ ബോട്ടുപുരയിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യബോർഡിൻറെ മ്യൂസിയത്തിലാണ് കടലിലെ ജീവജാലങ്ങളെ പ്രദർശിപ്പിക്കുന്ന സമുദ്ര മ്യൂസിയം സ്ഥാപിക്കുന്നത്.

ജൈവവൈവിധ്യങ്ങളുടെ ഉറവിടങ്ങൾ നഷ്ടമാകുന്നത് പ്രകൃതിദുരന്തങ്ങൾ പോലുള്ള വൻദുരന്തങ്ങൾക്ക് തന്നെ കാരണമാകുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് മ്യൂസിയം സ്ഥാപിക്കുന്നത്.

അപൂർവ ഇനം മത്സ്യവർഗങ്ങൾ, ശംഖുവർഗത്തിലുള്ള കടൽജീവികൾ, ഇരുട്ടിൽ മാത്രം ഇരപിടിക്കാനിറങ്ങുന്ന മീനുകൾ, വലുപ്പമുള്ള ഞണ്ട് വർഗങ്ങൾ, പവിഴപ്പുറ്റുകൾ, അവക്കുള്ളിലും അവയെ വലയം ചെയ്ത് ജീവിക്കുന്ന മീനുകൾ, ഇതര കടൽജീവികൾ എന്നിവയാണ് സമുദ്രമ്യൂസിയത്തിൽ തുടക്കത്തിൽ പ്രദർശിപ്പിക്കുക.

കടലിൽ നിന്ന് കണ്ടെടുക്കുന്ന ഇത്തരം മീനുകളുൾപ്പെട്ട കടൽജീവികളുടെ ശരീരത്തെ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലും അവയുടെ യഥാർഥ രൂപമറിയുന്നതിന് സ്റ്റഫ് ചെയ്ത രീതിയിലും കാണാം. അസ്ഥികൂടങ്ങളുടെ വലിയ പ്രദർശനവും മ്യൂസിയത്തിൽ ഉണ്ടാകും. കപ്പൽ ആകൃതിയിലുള്ള ഒരു ബോർഡിലാണ് കടലിനടിയിലെ സസ്യജന്തുജാലങ്ങളെ കാണാനുള്ള സൗകര്യം സജ്ജമാക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന നീലഗിരി മഞ്ഞ കഴുത്തൻ മരപ്പട്ടി, വരയനാട്, ബംഗാൾ കടുവ, മലമുഴക്കി വേഴാമ്പൽ, സിംഹവാലൻ കുരങ്ങ് എന്നിവകളുടെ ജീവൻ തുളുമ്പുന്ന രൂപങ്ങൾ കൃത്യമായ അളവിലും സമാനമായ രീതിയിലും ഉണ്ടാക്കിയെടുത്ത് കുറിഞ്ഞിപ്പൂക്കളുടെയും കാടിൻറെയും പശ്ചാത്തലത്തിൽ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ പ്രത്യുൽപ്പാദനം മുതൽ ജീവിതചക്രം വരെയുള്ള കാലഘട്ടത്തിൻറെ വിഡിയോ പ്രദർശനം, ആദിവാസികളുടെ ജീവിത്തെക്കുറിച്ചും നൂറ്റാണ്ടുകളായി ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്ന രീതികളെക്കുറിച്ചും ഇവർ നേരിട്ട് വിവരിക്കുന്ന വിഡിയോ സംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.

സയൻസ് ഓഫ് സ്പിയർ എന്ന ഗോളാകൃതിയിലുളള സ്ക്രീനിൽ ലോകത്തെ എല്ലാ ജീവജാലങ്ങളെയും വൈവിധ്യങ്ങളായ ആവാസവ്യവസ്ഥകളെയും നേരിട്ട് കാണാം. ഓഖി ചുഴലിക്കാറ്റിൽ കടലിൻറെ കലങ്ങിമറിഞ്ഞ ആവാസവ്യവസ്ഥ, ആർട്ടിക്-അൻറാർട്ടിക് മേഖലയിലെ മഞ്ഞുരുകൽ, ഉൽക്കകൾ പതിച്ചുണ്ടായ ലോകത്തെ അപൂർവ ഗർത്തങ്ങൾ, ഭൂമിയിൽ നിന്ന് നിശ്ചിത അടി ഉയരത്തിൽ ആകാശത്ത് കൂടി കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനങ്ങൾ അടക്കമുള്ളവയെ സയൻസ് ഓഫ്സ്ഫീയറിലൂടെ കാണാനാകും.

Advertisement