ഇതുവരെകാണാത്ത അപൂര്‍വ സര്‍വീസ്, ഈ ബസില്‍ വിശ്വാസംമാത്രമാണ് എല്ലാം

Advertisement

പാലക്കാട്: വിശ്വാസം അതല്ലേ എല്ലാം, ഈ ബസില്‍ വിശ്വാസംമാത്രമാണ് എല്ലാം. വിശ്വസിക്കുന്നത് യാത്രക്കാരെ
എന്നാല്‍ കണ്ടക്ടറും, ക്ലീനറും ഇല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് പാലക്കാട് ഒരു സ്വകാര്യ ബസ്. വടക്കഞ്ചേരി – ആലത്തൂര്‍ റൂട്ടിലോടുന്ന കാടന്‍കാവില്‍ എന്ന ബസാണ് കണ്ടക്ടറും ക്ലീനറും ഇല്ലാതെ സര്‍വീസ് നടത്തുന്നത്. എന്താ അല്ലേ, കണ്ടക്ടര്‍ ക്ളീനര്‍ പിന്നെ മുന്‍പേ പോകുന്ന ബസിനെ ഓടിച്ചുവിടാന്‍ ഓരാള്‍,ചെക്കര്‍ അങ്ങനെ സ്വകാര്യബസുകള്‍ക്ക് പാപ്പാന്മാര്‍ അനേകരാണ്.

പക്ഷേ കാടന്‍കാവില്‍ വേറേ ലെവലാണ്, ഡ്രൈവര്‍ മാത്രമാണ് ഈ ബസില്‍ ഉണ്ടാവുക. എന്നാല്‍ ഡ്രൈവറും പണം ചോദിക്കില്ല,ടിക്കറ്റും നല്‍കില്ല. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാല്‍ ബെല്ലടിച്ച് ഇറങ്ങാം. ബസില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ബോക്സുകളില്‍ ഏതെങ്കിലും ഒന്നില്‍ യാത്രാ കൂലി ഇട്ടാല്‍ മതിയാകും. അതല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ ലൈനായും പണം നല്‍കാം. ബസില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കൈയ്യില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങില്ല.

വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്ബാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വീസ് നടത്തുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം നഷ്ടത്തിലാവില്ലെന്നും നാട്ടുവഴികളിലൂടെ ഓടുന്ന വാഹനത്തില്‍ യാത്രക്കാര്‍ നൂറുശതമാനം സത്യസന്ധത പുലര്‍ത്തുമെന്നും ബസ്സുടമ പറയുന്നു.

കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ബസ്സില്‍ ആശങ്ക വേണ്ട. ബസ്സില്‍ മുഴുവന്‍ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകള്‍ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുണ്ടാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിപി സുമോദ് എംഎല്‍എയാണ് ബസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ജീവനക്കാരുടെ ചിലവിനത്തില്‍ ലാഭമുണ്ടാകുമെന്നും ജനങ്ങള്‍ ചതിക്കില്ലെന്നുമാണ് വിശ്വാസം