തൃശൂർ: പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി പൊലീസ്. പൂര നാളുകളിൽ 5000പൊലീസുകാരെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് മുൻവർഷങ്ങളിൽ പൂരനാളുകളിൽ തൃശൂർ എത്തിയിരുന്നത്. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന പൂരത്തിൽ 40ശതമാനം അധികം ആളുകൾ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇക്കാര്യം കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കുന്നത്. തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും.
സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും. തൃശൂർ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളിൽ പൂരം കാണാൻ എത്തുന്നവർ കയറുന്നില്ലെന്ന് ഉറപ്പു വരുത്തി സുരക്ഷ ഉറപ്പാക്കും. പൂരം നടക്കുന്ന ദിവസം റൗണ്ടിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.