ആഢംബര കപ്പലിൽ കടലിൽ പോയാലോ? പുത്തൻ പദ്ധതിയുമായി കെഎസ്‌ആർടിസി

Advertisement

തിരുവനന്തപുരം: ആഢംബര കപ്പലിൽ കയറിയൊന്ന് കടലുകണ്ട് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

എങ്കിലിതാ കടൽയാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കോട്ടയം കെഎസ്‌ആർടിസി.

വ്യത്യസ്ത വിനോദയാത്രയുടെ ആദ്യ ബസ്‌ സർവീസ് മെയ് ഒന്നിന് ആരംഭിക്കും. പാലായിൽ നിന്ന് ബസിൽ പുറപ്പെട്ട്‌ കൊച്ചി പുറംകടലിലെ ക്രൂയിസ് ഷിപ്പിലാണ്‌ അവധിക്കാല ഉല്ലാസയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയുടെ മനോഹര സായാഹ്നം ആസ്വദിക്കാനും കപ്പലിൽ പുറംകടലിൽ എത്തി അസ്തമയം കണ്ടുമാകും മടക്കയാത്ര. ഫോർ സ്റ്റാർ പദവിയുള്ള ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂർ പുറംകടലിൽ ചെലവഴിക്കാം.

യാത്രാ സംഘത്തിനായി സംഗീത, വിനോദ പരിപാടികളും ഗെയിമുകൾ, തിയറ്റർ പ്രോഗ്രാമുകൾ, ഭക്ഷണം എന്നിവയും കപ്പലിൽ ഒരുക്കും. മുതിർന്നവർക്ക് 2879 രൂപയും കുട്ടികൾക്ക് 1179 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ആഭ്യന്തര ടൂറിസം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ ഡിപ്പോയിൽ നിന്ന് ആരംഭിച്ച മലക്കപ്പാറ ജംഗിൾ സഫാരിയും മൂന്നാർ ട്രിപ്പും വൻ വിജയമായതിനെ തുടർന്നാണ് കൊച്ചി കടൽയാത്രയ്ക്ക് അവസരം ഒരുക്കുന്നത്. മെയ് ഒന്നിന് പകൽ 12.30ന് പാലായിൽ നിന്ന് ആദ്യ യാത്ര പുറപ്പെടും. ബുക്കിങ്‌ ആരംഭിച്ചു. ഫോൺ: 8921531106, 04822212250.