കേരള സർവകലാശാല പരീക്ഷക്കിടെ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥിക്ക് ലഭിച്ചത് ഉത്തരസൂചിക

Advertisement

തിരുവനന്തപുരം; കേരള സർവകലാശാലയുടെ പരീക്ഷക്കിടെ ഗുരുതര വീഴ്ച. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് പേപ്പറായ ‘സിഗ്നൽസ് ആൻഡ് സിസ്റ്റംസ്’ പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാർഥിക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക ലഭിച്ചു.

ഉദ്യോഗസ്ഥരോട് പ്രശ്‌നം വ്യക്‌തമാക്കുന്നതിന് പകരം വിദ്യാർത്ഥി ഉത്തരസൂചിക പകർത്തി എഴുതി അത് സമർപ്പിക്കുകയായിരുന്നു. എന്നാൽ മൂല്യനിർണ്ണയ ഉദ്യോഗസ്ഥൻ ഈ പിഴവ് തിരിച്ചറിഞ്ഞതോടെയാണ് വൻ വീഴ്ച പുറത്തറിയുന്നത്.

ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സർവകലാശാല അധികൃതർ അറിയിച്ചു. റദ്ദ് ചെയ്ത പരീക്ഷ മെയ് മൂന്നിന് നടത്തും. നാലാം സെമസ്റ്റർ ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥിക്ക് കോവിഡ് അണുബാധയെത്തുടർന്ന് ഷെഡ്യൂൾ ചെയ്ത പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഫെബ്രുവരിയിൽ പുനഃപരീക്ഷ നടത്തുകയായിരുന്നു. ഈ ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം ആയിരുന്നു പരീക്ഷ പുനഃസംഘടിപ്പിച്ചത്. പരീക്ഷയിൽ ഉത്തരങ്ങൾ ലഭിച്ചതോടെ പകർത്തി എഴുതി വിദ്യാർഥി മടങ്ങുകയും ചെയ്തു. പരീക്ഷ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണെന്നാണ് വിവരം.

ചോദ്യ പേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചികയും സർവകലാശാലയ്ക്ക് അയച്ചുകൊടുക്കും. എന്നാൽ പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിന്റ് നൽകിയത്. മൂല്യനിർണയത്തിനായി പരീക്ഷ കൺട്രോളറുടെ ഓഫീസിൽ നിന്ന് ഉത്തരക്കടലാസിനൊപ്പം എത്തിയത് ഉത്തരസൂചികയായിരുന്നു. ചോദ്യപേപ്പർ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തിൽ സർവകലാശാല പ്രതികരിച്ചിട്ടില്ല. അതേ സമയം സർവകലാശാല പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം കണ്ണൂർ സർവകലാശാലയിലും ചോദ്യപേപ്പറുകളെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഒരേ ചോദ്യപേപ്പർ തന്നെ രണ്ട് വർഷം ആവർത്തിച്ച്‌ പരീക്ഷക്ക് അച്ചടിച്ചതായിരുന്നു അന്നത്തെ വിവാദങ്ങൾക്ക് കാരണം. ഏപ്രിൽ 21 ന് നടന്ന ഡിഗ്രി വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുൻ വർഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൾഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ ചോദ്യപേപ്പറിലും ആവർത്തിച്ചിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജിയുടെ രണ്ട് പരീക്ഷകളിലും സമാനമായ വീഴ്ച കണ്ടെത്തിയിരുന്നു. സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ രണ്ട് പരീക്ഷകളും റദ്ദാക്കിയിരുന്നു.

1 COMMENT

  1. Kerala unniversity including kerala health university is the worst unniversity in India ..only show off by decreasing the % of pass .Not teaching students properly only exams and giving answer keys

Comments are closed.