സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

Advertisement

തിരുവനന്തപുരം: സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. രാവിലെ 10 മണിയ്ക്ക് കരമന ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആണ് ഉദ്ഘാടനം.

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് സംസ്ഥാനതല പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. മന്ത്രിമാരായ ജി ആർ അനിൽ,അഡ്വ. ആന്റണി രാജുഎന്നിവർ മുഖ്യാതിഥികളായിരിക്കും.

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസിൽ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികൾക്കുമുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച്‌ വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച്‌ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.

2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച്‌ യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066 (രണ്ട് കോടി എൺപത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തി ആറ്) എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.

നിലവിൽ ജില്ലാ ഹബ്ബുകൾക്ക് ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട് . വാക്ക് പറഞ്ഞാൽ അത് പാലിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Advertisement