കൊച്ചി: നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലെെംഗിക അതിക്രമക്കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ.
അവൾക്കൊപ്പം എന്ന് പറയുന്നത് അവനൊപ്പം അല്ല എന്നാകുന്നില്ല. മീ ടു പോലെ തന്നെ പ്രധാനമാണ് മെൻ ടുവും. തൊഴിലിടത്തെ പ്രശ്നങ്ങൾ, ജോലി ഭാരം, മാനസിക സമ്മർദ്ദം ഇതെല്ലാം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. നമ്മുക്കെല്ലാം അച്ഛനും സഹോദരനും ആൺ സുഹൃത്തുക്കളും ഒക്കെയുണ്ട്. പെൺകുട്ടിക്ക് നീതി കിട്ടണം എന്നാൽ ആണിനെ വേട്ടയാടുകയെന്ന മനോഭാവം മാറ്റണമെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.
”ഇയാൾ കുറ്റാരോപിതൻ മാത്രമാണ്. കോടതി പറഞ്ഞാൽ മാത്രമെ തെറ്റ്കാരനാവുകയുളളു. പുരുഷന് ഒരു തരത്തിലും നീതി കൊടുക്കരുതെന്നാണല്ലോ. പരാതി നൽകേണ്ടത് നീതിക്ക് വേണ്ടിയാണ് മറിച്ച് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. സിനിമാ മേഖലയിൽ ചൂഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വ്യാജ പരാതികളും ഉണ്ടാവുന്നുണ്ട്. നിയമങ്ങൾ സ്ത്രീ പക്ഷമാവണം എന്നാൽ പുരുഷ വിരോധമാവരുത്. പുരുഷന്മാരുടെ കുടുംബത്തിലെ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്”രാഹുൽ ഈശ്വർ പറഞ്ഞു.
”ഇത്തരം കേസുകളിൽ അവന് മാത്രമാണെന്നും ദുരിതം, അവൾ പലപ്പോഴും ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്. അവൾക്ക് നീതിയല്ല നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന നിലപാട് പാടില്ല. ആരോപണ വിധേയനായ പുരുഷൻ പട്ടിണി കിടന്ന് മരിക്കണോ, അവൻ ജോലിയില്ലാതെ നടക്കണോ, അവന്റെ കുട്ടികളെ അധിക്ഷേപിക്കുന്നത് സഹിക്കണോ?. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതുവരെ പുരുഷന്റെ പേരും വെളിപ്പെടുത്താതിരുന്നൂടെ.”രാഹുൽ ഈശ്വർ ചോദിച്ചു.