രണ്ട് സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു; വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കമ്മിഷണർ

Advertisement

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്‌.നാഗരാജു. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനുണ്ട്. പരാതിപ്രകാരം പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു. ഇരയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും സി.എച്ച്‌. നാഗരാജു പറഞ്ഞു.

വിജയ് ബാബുവിനെതിരെ മറ്റു സ്ത്രീകൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ പരിശോധിക്കുമെന്നും നാഗരാജു പറഞ്ഞു. അതേസമയം, നടൻ വിജയ് ബാബുവിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. നടൻ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിൽ റെയ്ഡ് നടത്തുമെന്നും പൊലീസ് പറഞ്ഞു.

പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേരും വ്യക്തിവിവരങ്ങളും സമൂഹമാധ്യമ ലൈവിലൂടെ വെളിപ്പെടുത്തിയതിനു മറ്റൊരു കേസും വിജയ്‌ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 22നു യുവതി പരാതി നൽകിയെങ്കിലും ചൊവ്വാഴ്ചയാണു കേസ് റജിസ്റ്റർ ചെയ്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.

വിജയ്ബാബു ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണു പൊലീസ് പറയുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച വിജയ് ബാബു താൻ ദുബായിലുണ്ടെന്നും ആർക്കു വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്നും പറഞ്ഞു. അതിജീവിതയുടെ പേരു വെളിപ്പെടുത്തി ‘താനാണ് യഥാർഥ ഇരയെന്ന്’ അവകാശപ്പെട്ടു നടത്തിയ ഫെയ്സ്ബുക് ലൈവിലാണ് ഇക്കാര്യവും സൂചിപ്പിച്ചത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന്റെ പേരിലുണ്ടാകുന്ന ഏതു കേസും നേരിടുമെന്നും തങ്ങൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വാട്സാപ് ചാറ്റുകൾ കൈവശമുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന വ്യക്തമാക്കിയ വിജയ് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായാണു സൂചന. വിജയ് ബാബു പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതോടെ യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കടുത്ത സൈബർ ആക്രമണമുണ്ടായി. ഒട്ടേറെപ്പേർ മോശം കമന്റുകളുമായെത്തിയതോടെ ഈ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

Advertisement