കൊല്ലം: നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കൃത്രിമ ബുദ്ധിയുള്ള കാമറകളുടെ പിഴ ചുമത്തൽ വൈകും.
ഇവ പകർത്തുന്ന ചിത്രങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾ സ്ഥിരീകരിച്ച് വരികയാണ്.
കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പിഴ ചുമത്താൻ സാദ്ധ്യതയുള്ളൂ.
കാമറകൾ ഒപ്പിയെടുക്കുന്ന വിവിധ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ തിരുവനന്തപുരത്ത് മോട്ടോർ വാഹന ഭവനിൽ സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിലേക്കാണ് പോകുന്നത്. അവിടെ നിന്ന് ജില്ലകളിലെ കൺട്രോൾ റൂമുകളിലേക്ക് അയയ്ക്കും.
കൊട്ടാരക്കരയിലാണ് കൊല്ലത്തെ കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. കെൽട്രോണാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. ചിത്രങ്ങൾ പരിശോധിച്ച് പിഴ ചുമത്തിക്കൊണ്ടുള്ള ചെലാൻ തയ്യാറാക്കുന്നത് കെൽട്രോൺ നിയോഗിക്കുന്ന താത്കാലിക ജീവനക്കാരാണ്. എട്ട് ജീവനക്കാരാണ് കൊട്ടാരക്കരയിലെ കൺട്രോൾ റൂമിൽ വേണ്ടത്. പക്ഷേ, ഒരാളെ മാത്രമേ ഇതുവരെ നിയമിച്ചിട്ടുള്ളു.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിതവേഗം, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, നിയമവിരുദ്ധമായ നമ്പർ പ്ലേറ്റ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങളാണ് കൃത്രിമ ബുദ്ധിയുള്ള കാമറകൾ കണ്ടെത്തുന്നത്.
ജില്ലയിലെ കൃത്രിമ ബുദ്ധിയുള്ള 52 കാമറകളിൽ ദേശീയപാത 66ന്റെ ഓരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പത്തോളം കാമറകൾ ഉടൻ തട്ടിൻപുറത്താകും. ആറുവരി വികസനത്തിന്റെ ഭാഗമായി റോഡ് വക്കിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. അടുത്തഘട്ടമായി വൈദ്യുതി പോസ്റ്റുകളും ഇന്റലിജന്റ് കാമറകൾ സ്ഥാപിച്ചിട്ടുള്ള തൂണുകളും നീക്കും. ഏറ്റെടുത്ത ഭൂമിയുടെ വക്കുകളിലേക്ക് വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കും. എന്നാൽ ഇന്റലിജന്റ് കാമറകൾ ഈ സ്ഥലത്തേക്ക് മാറ്റിയാൽ നിലവിലെ റോഡിലെ നിയമലംഘനങ്ങൾ ഒപ്പിയെടുക്കാനാകില്ല. എൻ.എച്ച് 66ൽ വികസനം വരാനിരിക്കുന്ന സാഹചര്യത്തിൽ കാമറ മറ്റിടങ്ങളിൽ സ്ഥാപിക്കണമെന്ന് നേരത്തെ ജില്ലയിലെ ഒരുവിഭാഗം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിക്കുകയായിരുന്നു.