കേരളത്തിലെ ഉത്സവ പറമ്പുകളിലെ നിറസാന്നിദ്ധ്യം തിരുവമ്പാടി കുട്ടിശങ്കരൻ വിടവാങ്ങി

Advertisement

തൃശൂർ: കൊമ്പൻ തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു. ഒന്നര വർഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരിൽ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

ആനപ്രേമിയായ ഡേവീസിന്റെ ഉടമസ്ഥതയിലായിരുന്നു കുട്ടിശങ്കരൻ.

ഡേവീസിന്റെ മരണശേഷം ആനയുടെ ഉടമസ്ഥതാവകാശം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിച്ചില്ല. അതോടെയാണ് 68 വയസായ ആനയെ വനം വകുപ്പിനു നൽകാൻ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്. അപേക്ഷ കിട്ടി ഉടൻതന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കി. പുതിയ നിയമ പ്രകാരം ആനയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്കു കൈമാറാൻ സാധിക്കാത്തതിനാലാണ് വനംവകുപ്പ് തന്നെ ആനയെ ഏറ്റെടുത്തത്.

ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. തൃശൂർ പൂരമടക്കം കേരളത്തിലെ ഉത്സവ പറമ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു കുട്ടിശങ്കരൻ. യുപിയിൽനിന്നു 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.1987ൽ ഡേവിസ് സ്വന്തമാക്കി. വനം വകുപ്പിനു സമ്മാനിച്ച ശേഷവും കുട്ടിശങ്കരനെ പോറ്റിയിരുന്നത് പഴയ ഉടമ തന്നെയായിരുന്നു. പ്രതിമാസം 50,000 രൂപ ചെലവിട്ടാണ് ആനയെ പരിപാലിച്ചിരുന്നത്. കൊവിഡ് ഇടവേളക്ക് ശേഷം തൃശൂർ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയുണ്ടായ കുട്ടിശങ്കരന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് തിരുവമ്പാടിയും ആനപ്രേമികളും.