മലപ്പുറം. പകരക്കാരന്‍ വന്ന് അമരക്കാരനായ കഥയാണ് സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തില്‍ കണ്ടത്.
കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം ഫൈനലില്‍. അപ്രതീക്ഷിതമായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ
ടി കെ ജെസിൻ കളിയിലെ താരമായി.
ഗോൾ മഴ കണ്ട മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം മുതൽ അക്രമോത്സുകത പുറത്തെടുത്തത് കേരളം. പക്ഷെ ഗോൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായിക്കൊണ്ടിരുന്നു
25 ആം മിനിറ്റിൽ കേരളത്തിന്റെ വല കുലുക്കി കർണ്ണാടക ക്യാപ്റ്റന്റെ പ്രഹരം
ഗോള്‍ വീണതിനു പിന്നാലെ 30-ാം മിനിറ്റില്‍ കേരളം മുന്നേറ്റ നിരയിലെ വിഖ്‌നേഷിനെ പിന്‍വലിച്ച് ജെസിനെ കളത്തിലിറക്കി. ഇതോടെ കളിയുടെ ഗതി തന്നെ മാറി. 35-ാം മിനിറ്റില്‍ സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ജെസിനിലൂടെ കേരളത്തിന്റെ ആദ്യ ഗോൾ….
42, 45 മിനുറ്റുകളിൽ ഗോൾ വലകുലുക്കി ഹാട്രിക് തികച്ചു ജെസിൻ
പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഗില്‍ കേരളത്തിന്റെ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലും കേരളത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 54-ാം മിനിറ്റില്‍ കർണ്ണാടകം കമലേഷിലൂടെ തിരിച്ചടിച്ചു.
56-ാം മിനിറ്റില്‍ ജെസിന്‍ കേരളത്തിനായി വീണ്ടും വലകുലുക്കി …
62-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ആറാം ഗോളും കണ്ടെത്തി. 72-ാം മിനിറ്റില്‍ സൊലെയ്മലെയ് ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ കര്‍ണാടകയുടെ ഗോള്‍നേട്ടം മൂന്നാക്കി. തൊട്ടുപിന്നാലെ 74-ാം മിനിറ്റില്‍ ജെസിന്‍ കളിയിലെ തന്റെ അഞ്ചാമത്തെയും കേരളത്തിന്റെ ഏഴാമത്തെയും ഗോള്‍ സ്വന്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍ – മണിപ്പുര്‍ സെമി ഫൈനല്‍ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം നേരിടും.