തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മേയ് 31 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക്. ദിനപ്രതി ഒന്നരക്കോടി രൂപ ഇതിന് ചെലവാകുമെന്നും യൂണിറ്റിന് 20 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. ചെലവ് കൂടിയാലും വൈദ്യുതി വാങ്ങുന്നത് തുടരുമെന്നും ചെയർമാൻ അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 6:30നും 11നുമിടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിരുന്നു. കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തിൽ 400 മുതൽ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. വൈദ്യുതി ഉപയോഗം കൂടിയാൽ നിയന്ത്രണം നീട്ടേണ്ടി വരും. ആന്ധാപ്രദേശിൽ നിന്ന് 200 മെഗാ വാട്ട് വൈദ്യുതി വാങ്ങിയും കോഴിക്കോട് താപവൈദ്യുതി നിലയം പ്രവർത്തിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് ശ്രമം.ഇന്നലെ മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. പീക്ക് അവറിൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.