മോഹന്‍ലാലുമായി പിണങ്ങിയതിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
മലയാളത്തിന്റെ നാട്ടുമണമുള്ള കഥകളുടെ സൃഷ്ടാവ് എന്ന നിലയില്‍ സത്യന്‍അന്തിക്കാടിന്റെ സ്ഥാനം മലയാള സിനിമയില്‍ അവഗണിക്കാനാവാത്തതാണ്. അതുപോലെ സത്യനും മോഹന്‍ലാലും ഒന്നു ചേര്‍ന്ന സിനിമകള്‍ മലയാളികള്‍ ആഹ്‌ളാദത്തോടെ ഏറ്റെടുത്തിരുന്നു. ഇടയ്ക്ക് ആ സിനിമകള്‍ ഇല്ലാതായത് മലയാളിയെ വേദനിപ്പിച്ചിരുന്നു.ആ പിണക്കം സിനിമാമേഖലയില്‍ ഇന്നും ചര്‍ച്ചയാണ്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളം മൂവീസുമായി നടത്തിയ അഭിമുഖത്തില്‍ ആണ് സത്യന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
അപ്പുണ്ണി എന്ന സിനിമയിലാണ് എന്റെ കൂടെ മോഹന്‍ലാല്‍ ആദ്യമായി വര്‍ക്ക് ചെയ്തത്. ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായതിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് എനിക്ക് ചെയ്യാന്‍ സാധിച്ചത്. പിന്‍ഗാമി എന്ന ചിത്രത്തിന് ശേഷം, 12 വര്‍ഷം കഴിഞ്ഞാണ് മോഹന്‍ലാല്‍ എന്റെ രസതന്ത്രം എന്ന സിനിമയിലേക്ക് വരുന്നത്.
ആ സമയത്ത് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ മോഹന്‍ലാല്‍ പറഞ്ഞത് അദ്ദേഹം അത് അറിഞ്ഞിട്ടില്ല എന്നാണ്. ഞാന്‍ ശരിയ്ക്കും അന്ന് പിണങ്ങിയതായിരുന്നു. പണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകള്‍ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ല. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, ആ സമയത്ത് ലാല്‍ വന്നിരിക്കും.
ലാല്‍ ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍, ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു. പിന്നീട്, ജയറാമിനെ പോലുള്ളവരെ വെച്ച് സന്ദേശം, പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി പോലുള്ള സിനിമകള്‍ ചെയ്തു. അതെല്ലാം ഹിറ്റുമായി.
ആ പിണക്കം മാറിയത് . മോഹന്‍ലാലിന്റെ ഇരുവര്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്തായിരുന്നു. ഞാനും എന്റെ കുടുബവും ഒരുമിച്ചാണ് ആ സിനിമ കണ്ടത്. ആ സിനിമയിലെ ലാലിന്റെ അഭിനയം കണ്ടിട്ട് ഞാന്‍ ഭ്രമിച്ച് പോയി. സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹന്‍ലാലിനെ വിളിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. വീട്ടില്‍ എത്തുന്നത് വരെ കാത്ത് നില്‍ക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഒരു എസ്.ടി.ഡി ബൂത്തില്‍ കയറി ലാലിനെ ഞാന്‍ വിളിച്ചു. ലാലിനും അത് വലിയ സന്തോഷമായി എന്ന് പറഞ്ഞു. അതോട് കൂടിയാണ് മഞ്ഞുരുകിയത്’, സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.