പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറി ബലാല്‍സംഗശ്രമം, പിടിച്ചപ്പോള്‍ മാനസിക പ്രശ്നം,ആശങ്കയോടെ നാട്ടുകാര്‍

Advertisement

തിരുവനന്തപുരം:സത്രീകളെ ആക്രമിക്കല്‍ പതിവ് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി ,മാനസിക രോഗിയെന്ന ആനുകൂല്യത്തില്‍ ഇത്തരക്കാരെ തുറന്നുവിട്ടാല്‍ എന്താവും സംഭവിക്കുകയെന്ന ആശങ്കയോടെ നാട്ടുകാര്‍.

വീടിന്റെ പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്നായിരുന്നു മാരായമുട്ടം സ്വദേശിയായ പ്രതി ഷാജിയുടെ അതിക്രമം. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇയാള്‍ നാട്ടിലെ പല സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഷാജി വീട്ടമ്മയെ വലിച്ചിഴച്ചു. പീഡന ശ്രമത്തിനിടെ മകള്‍ ഓടിയെത്തി തടഞ്ഞെങ്കിലും ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച് തറയില്‍ തള്ളിയിടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തിയത്.

ഈ സമയം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്നാലെയോടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.