ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി

Advertisement

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് സിനിമാ മേഖലയിലെ വനിതകളുടെ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി രാജീവ്.

താനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡബ്ല്യൂസിസി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

കമ്മീഷൻ എൻക്വയറി ആക്‌ട് പ്രകാരം അല്ലാത്തതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ നടി പാർവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങൾ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഈ റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് തന്നെയായിരുന്നു തുടക്കം മുതൽ സർക്കാർ എടുത്തിരുന്ന നിലപാട്. നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.