പനയ്ക്കറ്റോട്ടില്‍ ക്ഷേത്രത്തില്‍ താലപ്പൊലി ഇന്ന്

Advertisement

കൊല്ലം: ചരിത്രപ്രസിദ്ധമായ ചവറ തെക്കുംഭാഗം പനയ്ക്കറ്റോട്ടില്‍ ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് നടക്കും. ഉത്രം നാളില്‍ കൊടിയിറങ്ങി ആറാട്ട് നടക്കത്തക വിധത്തില്‍ പത്ത് ദിവസമായാണ് ക്ഷേത്രത്തിലെ ഉത്സവം ക്രമീകരിച്ചിരിക്കുന്നത്.

കൊടിയേറ്റിന്റെ തലേനാളാണ് താലപ്പൊലി. ദേവി ദേശരക്ഷയ്ക്കായി നടത്തിയ ഊരുവലത്തിന്റെ സ്മരണയ്ക്കായാണ് താലപ്പൊലി എഴുന്നള്ളത്ത് നടത്തുന്നത്. ഏഴ് വയസില്‍ കവിയാത്ത ബാലികയെ ദേവിയായി സങ്കല്‍പ്പിച്ച് ഒരു രാത്രിയും പകലും നാലുകരകളിലും അസംഖ്യം ബാലികമാരുടെ താലപ്പൊലിയുടെ അകമ്പടിയോടെ എഴുന്നള്ളിക്കുന്നതാണ് താലപ്പൊലി. ഏകദേശം പതിനെട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന താലപ്പൊലി മറ്റ് ക്ഷേത്രങ്ങളില്‍ ഇല്ല.

തെക്കുംഭാഗത്തെ ഒരു ബാലികയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്താണ് താലപ്പൊലി എഴുന്നള്ളത്തിന് നിയോഗിക്കുന്നത്. ആ ചടങ്ങിനായി ബാലിക വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ആ ബാലികയെ കന്യാവ് എന്നാണ് വിളിക്കുന്നത്.

താലപ്പൊലി നാളില്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ മുത്താലില്‍ തറവാട്ടിലെ ഒരംഗം ദേവിയുടെ വടിയുമായി ക്ഷേത്രത്തില്‍ നിന്ന് നാല് കരകളിലും വലം വയ്ക്കും. ആ ചടങ്ങാണ് ഉത്സവം അറിയിക്കല്‍. ദേവിക്ക് വഴികാട്ടുന്ന പാണന്റെ ചെണ്ടയുടെ അകമ്പടിയോടെ തെക്കുംഭാഗത്തെ തെങ്ങഴത്ത് കുടുംബക്കാര്‍ ദേവിക്ക് കാണിക്കയായി സ്വര്‍ണക്കുമിള സമര്‍പ്പിക്കും. തുടര്‍ന്ന് മേല്‍ശാന്തി കലമാന്‍ കൊമ്പില്‍ ദേവിയെ ആവാഹിച്ച് കന്യാവിനെ കൊണ്ട് പിടിപ്പിച്ച് എഴുന്നള്ളത്ത് ആരംഭിക്കും. അതിന് മുമ്പിലായി പാണനും മുത്താലി കാരണവരും ഉണ്ടാകും. നാടുകാണാനിറങ്ങുന്ന ദേവിയെ നിലവിളക്കും നിറപറയുമായാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത്. താലപ്പൊലി വടക്കുംഭാഗം പാവുമ്പ ദേവീ പീഠത്തിലെത്തുമ്പോള്‍ കോയിവിള പാവുമ്പ ദേവീ ക്ഷേത്രത്തിലെ എഴുന്നള്ളത്ത് അവിടെ എത്തുകയും പനയ്ക്കറ്റോട്ടില്‍ ദേവിയെ സ്വീകരിക്കുകയും ചെയ്യും. താലപ്പൊലി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ അടച്ചിട്ടിരുന്ന ക്ഷേത്രം തുറന്ന് ചടങ്ങുകള്‍ ആരംഭിക്കുന്നു.

Advertisement