ഇടുക്കി: ഉപരിപഠനത്തിന് മതിയായ സൗകര്യമില്ലാത്തത് ജില്ലയിലെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു.
എസ്.എസ്.എൽ.സിക്ക് ശേഷമുള്ള പഠനത്തിന് സൗകര്യം കുറവായതിനാൽ ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും കുട്ടികളിൽ ചിലരെങ്കിലും പഠനം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ അധ്യയനവർഷം അടുത്തിരിക്കെ പ്ലസ്ടുകളും കോളജുകളും അധികമായി തുടങ്ങണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ദേവികുളം താലൂക്കിൽ രണ്ട് വിദ്യാഭ്യാസ ഉപജില്ലകളാണ് ഉള്ളത്. അടിമാലി ഉപജില്ലയിൽ സർക്കാർ കോളജുകൾ ഒന്നുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന അടിമാലി പഞ്ചായത്തിൽ സർക്കാർ സ്കൂളുകളിലൊന്നിലും പ്ലസ്ടുവില്ല. രണ്ട് മാനേജ്മെൻറ് സ്കൂളുകളാണുള്ളത്. ഇവിടെയാണെങ്കിൽ മതിയായ സീറ്റുമില്ല. ഇതോടെ അടുത്ത പഞ്ചായത്തുകളിലോ മറ്റ് ജില്ലകളിലോ പോകേണ്ട അവസ്ഥയാണ്.
ഇത് പിന്നാക്ക വിഭാഗങ്ങളുടെ പഠനം മുടങ്ങാൻ കാരണമാകുന്നു. മൂന്നാർ ഉപജില്ലയിലും പ്ലസ് ടു കോഴ്സുകളുടെ കുറവ് വലിയ വെല്ലുവിളി തന്നെയാണ്. അടിമാലി പഞ്ചായത്തിൽ 10 ഹൈസ്കൂളുകളുണ്ട്. ഈ സ്കൂളുകളിൽനിന്ന് 1000ലേറെ വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠനത്തിന് യോഗ്യരാകുന്നു. വെള്ളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി, മാങ്കുളം, കൊന്നത്തടി പഞ്ചായത്തുകളും അടിമാലിയെ ആശ്രയിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ അടിമാലി, ദേവിയാർ സ്കൂളുകളിൽ പ്ലസ്ടു തുടങ്ങണമെന്നാണ് ആവശ്യം.കുട്ടികൾ 50മുതൽ 100 കിലോമീറ്റർ സഞ്ചരിച്ചാണ് പഠനം തുടരുന്നത്. എന്നാൽ, കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഏറെ താൽപര്യമുള്ള സയൻസ്, കോമേഴ്സ് ഗ്രൂപ്പുകൾ വേണ്ടത്ര ഇല്ലാത്തതും തിരിച്ചടിയാണ്. വീടിന് സമീപമുള്ള സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ വിദൂരത്തുള്ള സ്കൂളുകളിൽ പ്രവേശനം തരപ്പെട്ടാലും അതു കുട്ടികൾക്കു ഗുണകരമാകുന്നില്ല.
പെൺകുട്ടികളുടെ താമസസൗകര്യത്തിന് ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകൾ ജില്ലയിൽ പരിമിതമാണെന്നതും തിരിച്ചടിയാണ്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലേക്ക് മലയാളം മീഡിയത്തിൽനിന്ന് പത്താംക്ലാസ് വിജയിച്ചവർക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചാൽത്തന്നെ ഇവിടങ്ങളിൽ പഠനത്തിനു താൽപര്യം കുറവായാണു കാണുന്നത്. ഇതു തമിഴ് മീഡിയം സ്കൂളുകളിൽ പലപ്പോഴും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമാകുന്നുണ്ട്.