കൊച്ചി: സ്‌കൂൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്ര സമൂഹകേന്ദ്രം അഥവാ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി-സിസ്) നടത്തുന്ന ഒരു മാസം നീണ്ട സയൻസ് ടാലെന്റ്റ് ആൻഡ് ടോട്ടൽ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് (എസ്ടിഡിപി) ബുധനാഴ്ച തുടക്കമായി.
22 ദിവസങ്ങൾ നീണ്ട ഈ പ്രോഗ്രാം സ്‌കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നത് ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ പ്രഗത്ഭർ നടത്തുന്ന ക്ളാസുകൾ ഫസ്റ്റ് എയ്ഡ്, സിനിമ, ബാലാവകാശം തുടങ്ങിയ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നു. ശാസ്ത്രജ്ഞരുമായുള്ള സംവാദം, ലാബ് സെഷനുകൾ, ക്ലാസ്സ്മുറികൾക്ക് പുറത്തെ പഠനം, പാചകം, കൃഷി, ലൈഫ്‌സ്‌കില്ലുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രോഗ്രാമിന്റെ ഭാഗമാണ്.
സി-സിസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച കുസാറ്റ് പ്രൊ വൈസ് ചാൻസലർ ഡോ പി ജി ശങ്കരൻ ഈ വേനൽക്കാല ക്യാമ്പ് വിദ്യാർത്ഥികളിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തിൽ താല്പര്യവും അവബോധവും ഉളവാക്കാൻ സഹായിക്കും എന്ന് അഭിപ്രായപ്പെട്ടു. “സമൂഹമാധ്യമങ്ങളിലൂടെ അശാസ്ത്രീയവിവരങ്ങൾ പ്രചരിക്കുന്ന ഈ കാലത്ത് തെറ്റിദ്ധാരണകൾ അകറ്റാനും ശാസ്ത്രിയമായി കാര്യങ്ങൾ മനസിലാക്കാനും പ്രഗത്ഭരുടെ സഹായത്തോടെ ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും,” അദ്ദേഹം പറഞ്ഞു. അടുത്ത വർഷം എസ്ടിഡിപി രണ്ടു ബാച്ചുകളിലായി ഏപ്രിൽ, മെയ് മാസങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുഖ്യാതിഥിയായ പ്രശസ്ത ശാസ്ത്രരചയിതാവ് പ്രൊഫ. എസ് ശിവദാസിനെ പ്രൊഫ ശങ്കരൻ പൊന്നാട നൽകി ആദരിച്ചു. ക്യാംപിലെ ഓരോ പ്രവർത്തിയും സംഭാഷണവും വിദ്യാർത്ഥികൾക്ക് വളരാനും സ്വയം കണ്ടെത്താനുമുള്ള അവസരമാണെന്ന് പ്രൊഫ ശിവദാസ് ഓർമിപ്പിച്ചു. “ശാസ്ത്രം ആസ്വദിക്കാനുള്ള പരിശീലനം നൽകുന്ന കേന്ദ്രം പ്രവർത്തിക്കുന്ന ഒരു സർവകലാശാല കുസാറ്റ് അല്ലാതെ മറ്റൊന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്,” അദ്ദേഹം പറഞ്ഞു.