പാലക്കാട്: റെയിൽവേയിൽ ഉദ്യോഗസ്ഥനെന്ന് കള്ളം പറഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നായി അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വർണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ചെന്നൈ സ്വദേശി സുജീഷിനെയാണ് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
സുജീഷിനെയും പിതാവിനെയും നേരത്തെ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് കുടുംബങ്ങൾ നാമാവശേഷമാക്കി ആറാമത്തെയാളെ കുരുക്കാൻ തുടങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.അകത്തേത്തറ സ്വദേശിനിയുടെ പരാതിയിലായിരുന്നു ഹേമാംബിക നഗർ പൊലീസിന്റെ നടപടി. ചെന്നൈയിൽ താമസിച്ച് പത്ത് വർഷത്തിലേറെയായി സമാന തട്ടിപ്പ് നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. പണം വാങ്ങിയവരെ റെയിൽവേയുടെ ചെന്നൈയിലെ ഓഫിസിൽ നിരവധി തവണ എത്തിച്ച് ഇരുവരും വട്ടം കറക്കിയിട്ടുണ്ട്. വിവാഹ തട്ടിപ്പിലും ജോലി വാഗ്ദാനത്തിലെ പണം കബളിപ്പിക്കലിലും ഇവർക്ക് കൂടുതൽ പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും.