വിദ്വേഷ പ്രസംഗം,​ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്,​ നാളെ അപ്പീൽ നൽകും

Advertisement

തിരുവനന്തപുരം: വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നാളെ അപ്പീൽ ഫയൽ ചെയ്യും.

തിരുവനന്തപുരത്തെ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോർജിൻറെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാരിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.