തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ജൂൺ പതിനഞ്ചിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും, ശരിയായ ഉത്തരം എഴുതിയ എല്ലാവർക്കും മാർക്ക് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാർ നയമല്ലെന്നും നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂല്യനിർണ്ണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ നടപടിയുണ്ടാകും. പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിവാദത്തിൽ അധ്യാപകർ മുന്നറിയിപ്പില്ലാതെയാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. ഈ പ്രവണത ശരിയല്ല. അധ്യാപകർക്ക് സമരം ചെയ്യാനുള്ള അവകാശങ്ങളുണ്ട്. സമരങ്ങൾക്ക് സർക്കാർ അതിന് എതിരല്ല. എന്നാൽ മൂല്യനിർണയ കാംപുകൾ ബഹിഷ്‌കരിച്ചുള്ള പ്രതിഷേധങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ നടപടിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും ഇവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം അറയിച്ചു.
അതേസമയം, സംസ്ഥാനത്തെ 7077 സ്‌കൂളിൽ 9,58,067 വിദ്യർത്ഥികൾക്കുള്ള യൂണിഫോം വിതരണം നാളെ ആരംഭിക്കും. 120 കോടിയാണ് ഇതിനായി സർക്കാർ ചെലവിടുന്നത്. ജൂൺ ഒന്നിന് സ്‌ക്കൂൾ തുറക്കും മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ നൽകും. അക്കാദമിക്കേതര വിഷയങ്ങളിൽ സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി മാന്വൽ ഇത്തവണ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൂർവ വിദ്യാർത്ഥി ക്ലബുകൾ രൂപീകരിക്കാനും മാന്വലിൽ നിർദേശമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.