തൃശൂർ: പൂരത്തിന് ഗജവീരൻമാർക്ക് സ്വർണശോഭ പകരാനുള്ള നെറ്റിപ്പട്ടങ്ങൾ അണിയറയിൽ ഒരുങ്ങി.
തിരുവമ്പാടിയും പാറമേക്കാവും 15 വീതം നെറ്റിപ്പട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓരോ നെറ്റിപ്പട്ടത്തിന്റെയും വില.
11 ചന്ദ്രകലകൾ, 37 ഇടകിണ്ണം, രണ്ട് വട്ടക്കിണ്ണം, നടുവിൽ കുംഭൻകിണ്ണം നെട്ടിപ്പട്ടത്തിൽ കാണാം. നെറ്റിപ്പട്ടത്തിന് ചുറ്റും വിവിധ നിറത്തിലുളള കമ്പിളി നൂലുകൾ കൊണ്ട് പൊടിപ്പുകളും തുന്നിചേർക്കുന്നു. ഓരോ പൂരത്തിനും പുതിയ നെറ്റിപ്പട്ടം നിർമിക്കും. നടുവിൽ നിൽക്കുന്ന കൊമ്പൻ അണിയുന്ന നെറ്റിപ്പട്ടം വലുപ്പത്തിലും ഘടനയിലും മറ്റുളളവയിൽ നിന്ന് വ്യത്യസ്തമാണ്.
പല വലുപ്പത്തിൽ നിർമിക്കുന്നത് കൊണ്ട് എത് ആനയ്ക്കും ചേരുന്ന നെറ്റിപ്പട്ടങ്ങൾ ലഭ്യമാണ്. പൂരത്തിന് മുന്നോടിയായി ഇരുദേവസ്വങ്ങളും ആനച്ചമയങ്ങളുടെ പ്രദർശനവും നടത്തും.