തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദമാകാൻ സാധ്യത.
തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച വരെ കേരളത്തിൽ പരക്കെ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. മലയോര ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു