മതസൗഹാർദ സന്ദേശവുമായി ഒരു വിവാഹം; ക്ഷേത്രത്തിലെ താലികെട്ടിനുശേഷം വധൂവരന്മാൻ പള്ളിയിലെത്തി മാലയിട്ടു

Advertisement

തൃശൂർ: പഴഞ്ഞിയിൽ ക്ഷേത്രത്തിലെ താലികെട്ടിനുശേഷം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിലെത്തി മാലയിട്ട് വധൂവരന്മാൻ.
പഴഞ്ഞി കൈതവളപ്പ് വീട്ടിൽ കെ കെ ശിവദാസന്റെയും സബിദയുടെയും മകൾ ശാശ്രയയുടെയും കോലളമ്പ് കൊട്ടിലിങ്ങൽ വാസുവിന്റെയും കല്ലുവിന്റെയും മകൻ വൈശാഖിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്.

ശിവദാസിന്റെ ആഗ്രഹമായിരുന്നു മകളുടെ വിവാഹത്തിന് പള്ളിയിലെത്തി മാലയിടമെന്നത്. തുടർന്ന് ഇക്കാര്യം ഓർതഡോക്‌സ് സഭ കുന്നംകുളം സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിനെ അറിയിക്കുകയും സഹായമെത്രാപ്പോലീത്തയുടെ അനുമതി ലഭിച്ചതോടെയാണ് മതസൗഹാർദ സന്ദേശമുയർത്തിയ വിവാഹത്തിന് നാട് സാക്ഷിയായത്.

ശിവദാസൻ പഴഞ്ഞി പെരുന്നാൾ റാസയിൽ വർഷങ്ങളായി കുത്തുവിളക്കെടുക്കാറുണ്ട്. കൈതവളപ്പ് കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടർന്ന് പള്ളിയിലേക്ക് വധൂവരന്മാരെത്തി. ഇരുവരെയും ആശിർവദിക്കാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് എത്തിയിരുന്നു വികാരി ഫാ. സഖറിയ കൊള്ളന്നൂർ, സഹ വികാരി ഫാ. തോമസ് ചാണ്ടി എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Advertisement