തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിപ്പ്.
വൈകീട്ട് മൂന്ന് മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരുതരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് കമ്മീഷണര്‍ അറിയിച്ചു.
വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍, നെഹ്റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജങ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നത് നിരോധിച്ചു. നിര്‍മാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതുമായ കെട്ടിടങ്ങളില്‍ കാണികള്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയ പൊലീസ് നഗരത്തിലെ 124 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പുറത്തുവിട്ടു.
വെടിക്കെട്ട് കാണാന്‍ തൃശൂര്‍ നഗരത്തിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പൊലീസ് സേവനവും ലഭിക്കും. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മീഷണറുടെ കീഴില്‍, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് ടീമും സുരക്ഷ പട്രോളിങ്ങിലുണ്ട്. തൃശൂര്‍ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയറ്ററിനു സമീപമുള്ള ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, ഈ റോഡില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു തടസ്സങ്ങളും അനുവദിക്കില്ല.
ഗതാഗത ക്രമീകരണം
പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സര്‍വിസ് നടത്തുന്ന ബസുകള്‍ ബിഷപ് പാലസ് വഴി വടക്കേ സ്റ്റാന്‍ഡിലേക്ക് എത്തണം. ചേലക്കര, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി, മെഡിക്കല്‍ കോളജ്, ചേറൂര്‍ തുടങ്ങിയ ബസുകള്‍ വടക്കേ സ്റ്റാന്‍ഡ് വരെ മാത്രമേ സര്‍വിസ് നടത്താവൂ. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍ ബസുകള്‍ പടിഞ്ഞാറേകോട്ടയിലുള്ള താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച്, അയ്യന്തോള്‍ വഴി തിരികെ സര്‍വിസ് നടത്തണം.
വാടാനപ്പള്ളി, കാഞ്ഞാണി ബസുകള്‍ പടിഞ്ഞാറേകോട്ടയില്‍ സര്‍വിസ് അവസാനിപ്പിക്കണം. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചേര്‍പ്പ് ബസുകള്‍ ബാല്യ ജങ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഒല്ലൂര്‍, ആമ്ബല്ലൂര്‍, വരന്തരപ്പിള്ളി ബസുകള്‍ മുണ്ടുപാലം ജങ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയ ഭാര വാഹനങ്ങള്‍ ഒഴികെയുള്ളവ മുണ്ടൂര്‍, കൊട്ടേക്കാട്, വിയ്യൂര്‍ പാലം, പൊങ്ങണംക്കാട്, ചിറക്കോട്, മുടിക്കോട് വഴി പോകാവുന്നതാണ്.
കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍
ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സര്‍വിസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകണം. കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളില്‍നിന്നും വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഓര്‍ഡിനറി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശക്തന്‍ തമ്ബുരാന്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കണം.
പാര്‍ക്കിങ് കേന്ദ്രങ്ങള്‍
പറവട്ടാനി ഗ്രൗണ്ട്, തോപ്പ് സ്കൂള്‍ ഗ്രൗണ്ട്, പള്ളിക്കുളം ഗ്രൗണ്ട്, ശക്തന്‍ കോര്‍പറേഷന്‍ ഗ്രൗണ്ട്, ഇക്കണ്ടവാര്യര്‍ റോഡ് ആലുക്കാസ് പാര്‍ക്കിങ് ഗ്രൗണ്ട്, കുറുപ്പം റോഡ് പേ ആന്‍ഡ് പാര്‍ക്ക് ഗ്രൗണ്ട്, ജോയ് ആലുക്കാസ് ഗ്രൗണ്ട് (പഴയ സപ്ന തിയറ്റര്‍), നേതാജി ഗ്രൗണ്ട് അരണാട്ടുകര, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പള്ളിത്താമം പാര്‍ക്കിങ് ഗ്രൗണ്ട്, അക്വാട്ടിക് കോംപ്ലക്സിന് സമീപം താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ട്.