തൃശൂര്‍: രണ്ടുവര്‍ഷം കഴിഞ്ഞ് ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് പുതുമകളേറെയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് തിടമ്പേറ്റുന്നതിലെ നിയോഗം.
ഇതാദ്യമായി പൂരവിളംബരത്തിനും ഉപചാരത്തിനും തിടമ്പേറ്റാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറിനാണ് ആ നിയോഗം. മുന്‍കാലങ്ങളില്‍ പൂര വിളംബരത്തിന് മറ്റൊരാനയും എഴുന്നള്ളിപ്പുകളിലുള്പ്പെടെ വെവ്വേറെ ആനകളെയുമാണ് ഉപയോഗിക്കാറുള്ളത്. എട്ടിന് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമായ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്കാണ് പൂരത്തിന്റെ വരവറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര വാതില്‍ തുറന്ന് പൂരവിളംബരമറിയിക്കാനുള്ള അവകാശം. പേരിനൊരു ചടങ്ങില്‍ മാത്രമൊതുങ്ങിയിരുന്ന തെക്കേഗോപുര വാതില്‍ തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെ പൂരത്തോളം പ്രസിദ്ധമായി. അഞ്ചു വര്‍ഷത്തിലധികം രാമചന്ദ്രനായിരുന്നു തെക്കേഗോപുര വാതില്‍ തുറക്കുന്ന എഴുന്നള്ളിപ്പില്‍ പങ്കെടുത്തിരുന്നത്. 2019ല്‍ കടുത്ത നിയന്ത്രണങ്ങളോടെ പ്രത്യേക അനുമതിയോടെ ഒരുമണിക്കൂര്‍ എഴുന്നള്ളിച്ചാണ് പങ്കെടുപ്പിച്ചത്. 2020ല്‍ പൂരം ചടങ്ങിലൊതുക്കിയതോടെ തെക്കേഗോപുരവാതില്‍ തുറക്കുന്നത് നടന്നില്ല.
2021ല്‍ ബോര്‍ഡ് ശിവകുമാറിനെ ദൗത്യം ഏല്പിച്ചു. ഇത് രണ്ടാംതവണയാണ് പൂരവിളംബരത്തിനായുള്ള ശിവകുമാറിന്റെ നിയോഗം. പാറമേക്കാവിന്റെ സ്വന്തം ആന പത്മനാഭനാണ് പുറപ്പാടിന് തിടമ്പേറ്റുക. തിരുവമ്പാടിക്ക് സ്വന്തം ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്.