തൃശൂർ: തൃശൂർ പൂരത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിലെ നാല് ഗോപുരവും കടക്കുന്ന ഏക അവകാശി ദൈവം പാറമേക്കാവാണ്. പൂരനാളിൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് കിഴക്കേ ഗോപുരം കടന്ന് വടക്കുന്നാഥനെ വലംവെച്ച് തെക്കേഗോപുരം വഴിയാണ് പുറത്തിറങ്ങുക. പിറ്റേന്ന് ഉപചാരം ചൊല്ലി പടിഞ്ഞാറെ ഗോപുരം കടന്ന് വടക്കേ ഗോപുരം വഴി കൊക്കർണിയിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിലാണ് ആറാട്ട്.
വടക്കുന്നനാഥ ക്ഷേത്രത്തിലെ നാലു ഗോപുരവും കടക്കുന്ന ഒരേ ഒരു ദേവി, പാറമേക്കാവ് ആണ്. തെക്കേഗോപുരം തൃശൂർ പൂരത്തിനും ശിവരാത്രി നാളിലും ആളുകൾക്ക് പ്രവേശിക്കാനായി തുറക്കും. കിഴക്കേ ഗോപുരവും പടിഞ്ഞാറെ ഗോപുരവും ദിവസവും ആളുകൾക്ക് പ്രവേശിക്കാം. പക്ഷേ, വടക്കേഗോപുരത്തിൽ ഭക്തർക്ക് പ്രവേശനാനുമതിയില്ല. ഇവിടെയാണ് പൂജാരിമാരുടെ മഠവും കുളിയിടവും.
കൊക്കർണിയെന്ന് അറിയപ്പെടുന്ന വിശാലമായ താഴ്വാരത്തിൽ രണ്ട് കുളങ്ങളുണ്ട്. സൂര്യപുഷ്കരണിയും ചന്ദ്രപുഷ്കരണിയും. ചന്ദ്രപുഷ്കരണിയിലാണ് പാറമേക്കാവിന് ആറാട്ട്. പ്രതിഷ്ഠദിനത്തിനും വേലക്കുമടക്കം പാറമേക്കാവിൻറെ ആറാട്ടുകടവ് ഇവിടെയാണ്. യുനെസ്കോയുടെ സംരക്ഷിത പൈതൃപട്ടികയിൽ ഇടം നേടിയ വടക്കുന്നാഥ ക്ഷേത്രത്തിൻറെ നാല് ഗോപുരങ്ങളും ഒരുപോലെയെന്ന് തോന്നിക്കുമെങ്കിലും വടക്കേഗോപുരം മറ്റുള്ളവയിൽനിന്നും അൽപം ചെറുപ്പമാണ്.