തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്താൻ സി വിജിൽ ആപ്പ്

Advertisement

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി സി വിജിൽ ആപ്ലിക്കേഷൻ ഉപയോഗിക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സർവ്വ കക്ഷി യോഗത്തിൽ വരണാധികാരി വിധു എ മേനോൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതുസംബന്ധിച്ച്‌ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ ജനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനമാണ് സി വിജിൽ. പ്ലേ സ്‌റ്റോറിൽ നിന്നും ആപ്പ് സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മെയ് 13ന് നടത്തും. ബൂത്തുകളിൽ ഒരു തവണ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരിക്കൽകൂടി നിരീക്ഷണം നടത്തും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സ് ബോർഡുകൾ മാറ്റിത്തുടങ്ങി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ നിർദ്ദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും വരണാധികാരി വിധു എ. മേനോൻ പറഞ്ഞു.

വരണാധികാരിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഉപ വരണാധികാരി എസ്. ലൈജു, പഞ്ചായത്ത് വകുപ്പ് സീനിയർ സുപ്രണ്ട് ഡൈനൂസ് തോമസ്, ജൂനിയർ സുപ്രണ്ട് പി.പി രാജേഷ്, അസി. ഫിനാൻസ് ഓഫീസർ എസ്.എം ഫാമിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement