തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ഹെൽത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
കെകെ രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓൺലൈൻ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
വിവിധ ആരോഗ്യ സേവനങ്ങൾ, സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 152 റവന്യൂ ബ്ലോക്കുകളിലായി ഹെൽത്ത് മേള സംഘടിപ്പിക്കുന്നത്. ഇ സഞ്ജീവിനി ഒ.പി.ഡി. ടെലി മെഡിസിൻ, ഹൃദ്രോഗവിഭാഗം, സ്ത്രീരോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്രോഗ വിഭാഗം, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ, വൃക്കരോഗ വിഭാഗം, ആർ.ബി.എസ്.കെ. സ്ക്രീനിങ്ങ്, കുഷ്ഠരോഗ പരിശോധന, ജീവിത ശൈലിരോഗ പരിശോധന, ക്ഷയരോഗ പരിശോധന, മാനസികാരോഗ്യ കൗൺസിലിങ്, ആയുർവേദം, ഹോമിയോ തുടങ്ങിയ സൗജന്യ മെഡിക്കൽ കാംപുകൾ മേളയുടെ ഭാഗമായി നടത്തും. മരുന്ന് വിതരണവും ലാബ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ എട്ടിന് ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് പ്രചരണ റാലി സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും’ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കും.